Thursday, March 5, 2009

സി.പി.എം - സി.പി.ഐ. തര്‍ക്കം രൂക്ഷം; സീറ്റ്‌ ചര്‍ച്ച തുടരും

. Thursday, March 5, 2009

തിരുവനന്തപുരം: പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണി യോഗത്തില്‍ സി.പി.എം - സി.പി.ഐ. നേതാക്കള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ പരസ്‌പരം വാക്കേറ്റം നടത്തി ഏറ്റുമുട്ടി. വാക്കുതര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ യോഗം തീരുംമുമ്പുതന്നെ വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ സി.പി.ഐ. പ്രതിനിധികള്‍ യോഗസ്ഥലം വിട്ടുപോകുകയും ചെയ്‌തു. ഇടതുമുന്നണിയുടെ സീറ്റുവിഭജന ചര്‍ച്ച ഇതോടെ വീണ്ടും വഴിമുട്ടി. ജനതാദളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒന്‍പതിനും അടുത്ത എല്‍.ഡി.എഫ്‌. യോഗം 12നും ചേരാന്‍ നിശ്ചയിച്ചാണ്‌ യോഗം പിരിഞ്ഞത്‌. യോഗം തീരുന്നതിനു മുമ്പുതന്നെ പുറത്തുവന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പത്രലേഖകരെ കണ്ടപ്പോള്‍ അകത്തുണ്ടായ അസുഖകരമായ ഏറ്റുമുട്ടല്‍ ശരിവെയ്‌ക്കുംവിധം പറഞ്ഞു: ''പൊന്നാനിയില്‍ രണ്ടത്താണിയും മൂന്നത്താണിയുമൊന്നുമില്ല. സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ തീരുമാനിക്കും''. ഒരു ഘട്ടത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിയത്തോട്‌ പറഞ്ഞു: ''പ്രായത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇത്‌ ഞങ്ങളുടെ ഓഫീസുമായിപ്പോയി'', ഇതേത്തുടര്‍ന്ന്‌ ''ഭയപ്പെടുത്തേണ്ട വിജയാ, ഇങ്ങനെ സംസാരിക്കാന്‍ ഞങ്ങളില്ല. എണീക്ക്‌ ദിവാകരാ'' എന്നു പറഞ്ഞ്‌ കെ.ഇ.ഇസ്‌മയിലിനെയും സി.ദിവാകരനെയും കൂട്ടി വെളിയം പുറത്തേക്ക്‌ നടന്നു. ഇതിനിടെ ''ഇസ്‌മയിലേ കേള്‍ക്കൂ, നമ്മള്‍ അങ്ങനെ അവസാനിപ്പിക്കുകയല്ലല്ലോ'' എന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞെങ്കിലും സി.പി.ഐ ക്കാര്‍ അത്‌ കേട്ടതായി ഭാവിച്ചില്ല. അടുത്ത എല്‍.ഡി.എഫ്‌. യോഗം 12ന്‌ ചേരാമെന്നും വൈക്കം വിശ്വന്‍ ഇതിനിടെ വിളിച്ചുപറഞ്ഞു. സി.പി.ഐ. പ്രതിനിധികള്‍ ഇറങ്ങിപ്പോയതിനു ശേഷമാണ്‌ ജനതാദളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഒന്‍പതിന്‌ നടത്താന്‍ തീരുമാനിച്ചത്‌. യോഗാരംഭത്തില്‍ സി.പി.ഐ യ്‌ക്ക്‌ എത്ര സീറ്റുണ്ട്‌ എന്നു വ്യക്തമാക്കണമെന്ന്‌ കെ.ഇ.ഇസ്‌മയില്‍ ആവശ്യപ്പെട്ടു. ഇതിന്‌ മറുപടിയായി പൊന്നാനിയില്‍ സ്വതന്ത്രന്‍ മത്സരിക്കും എന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. ഇസ്‌മയില്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പിണറായിയുടെ മറുപടിയില്‍ മാറ്റമുണ്ടായില്ല. പൊന്നാനിയില്‍ ഞങ്ങളുടെ സ്വതന്ത്രന്‍ എന്നല്ലേ തീരുമാനിച്ചത്‌ എന്ന ചോദ്യവുമായി തുടര്‍ന്ന്‌ വെളിയം ഭാര്‍ഗവന്‍ രംഗത്തെത്തി. ഞങ്ങളുടെ സ്വതന്ത്രനെ നിങ്ങള്‍ എങ്ങനെ തീരുമാനിക്കുമെന്നായി വെളിയം. വൈക്കം വിശ്വന്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സി.പി.ഐ യ്‌ക്ക്‌ മൂന്നു സീറ്റ്‌ എന്നു പറഞ്ഞ പ്രയോഗത്തില്‍ തെറ്റുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്ന്‌ സി.പി.ഐ ക്കാര്‍ പറഞ്ഞു. കണ്‍വീനര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും പൊന്നാനിയില്‍ സ്വതന്ത്രനാണെന്നും പിണറായി വ്യക്തമാക്കി. യോഗത്തില്‍ ഒരു തീരുമാനമെടുത്തിട്ട്‌ വായില്‍ തോന്നുന്നതാണോ പുറത്തുപറയുന്നതെന്ന്‌ വെളിയം ശബ്ദമുയര്‍ത്തി ചോദിച്ചു. തുടര്‍ന്ന്‌ പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ നിശ്ചയിച്ചതിന്റെ ദേഷ്യം മുഴുവന്‍ വെളിയം ഭാര്‍ഗവന്‍ വാക്കുകളില്‍ ആവാഹിച്ചു. ''നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാള്‍ പ്രിയം പി.ഡി.പി യോട്‌ എന്നു തുടങ്ങി? പൊന്നാനിയില്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ വരെ നിങ്ങള്‍ തുടങ്ങി. എന്നിട്ട്‌ സീറ്റ്‌ ഞങ്ങളുടേതെന്നും പറയുന്നു''. ഇതിനിടെ മാവേലിക്കര സീറ്റ്‌ ഞങ്ങള്‍ തന്നില്ലേ എന്ന്‌ സി.പി.എം. നേതാക്കള്‍ പറഞ്ഞു. കൊല്ലവും മാവേലിക്കരയും ഞങ്ങള്‍ മത്സരിക്കേണ്ടതല്ലേ എന്ന്‌ വെളിയം മറുപടി പറഞ്ഞു. ഞങ്ങളെ പാഠം പഠിപ്പിക്കുകയാണോ എന്ന ഇസ്‌മയിലിന്റെ ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ പരസ്‌പരം പാഠം പഠിപ്പിക്കുകയല്ലല്ലോ, രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ ഉണ്ടായത്‌ എന്ന്‌ പിണറായി മറുപടി നല്‍കി. ലോക്‌സഭാ സീറ്റിന്റെ ഇടയില്‍ രാജ്യസഭാ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നായി വെളിയം. വാക്കുതര്‍ക്കത്തിനിടയില്‍ ഒരു ഘട്ടത്തില്‍ വെളിയം ഭാര്‍ഗവന്‍ പിണറായിയോട്‌ നിങ്ങളുടെ ധിക്കാരം നിങ്ങളുടെ പാര്‍ട്ടിയില്‍ മതിയെന്നും ഞങ്ങളുടെ നേരേ വേണ്ടെന്നും വരെ പറഞ്ഞു. ഇതിനു മറുപടിയായാണ്‌ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും ഞങ്ങളുടെ ഓഫീസായിപ്പോയെന്നുമുള്ള മറുപടി പിണറായിയില്‍ നിന്നുണ്ടായത്‌. അപ്പോഴേക്കും തര്‍ക്കംമൂലം യോഗം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയായി. സി.പി.ഐ. നേതാക്കള്‍ പോന്നതിനുശേഷം കോഴിക്കോട്‌ സീറ്റിനെക്കുറിച്ച്‌ ജനതാദളുമായി ഒന്‍പതിന്‌ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. 12ന്‌ എല്‍.ഡി.എഫും ചേരും. തുടര്‍ന്ന്‌ ആര്‍.എസ്‌.പി. സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്‌ണപിള്ള തങ്ങളുടെ കാര്യം എടുത്തിട്ടു. ''ചെകുത്താനും കടലിനും ഇടയിലായി ഞങ്ങള്‍. കടുത്ത തീരുമാനം വേണ്ടെന്നു ഞങ്ങള്‍ വെച്ചിരിക്കയാണ്‌''. മന്ത്രിയെ പിന്‍വലിക്കുന്ന കാര്യം ഉപേക്ഷിച്ചത്‌ സൂചിപ്പിച്ച്‌ പറഞ്ഞു. ''സന്തോഷം, സന്തോഷം'' എന്നായിരുന്നു പിണറായിയുടെ മറുപടി. അടുത്ത രാജ്യസഭാ സീറ്റ്‌ തങ്ങള്‍ക്ക്‌ നല്‍കണമെന്ന്‌ രാമകൃഷ്‌ണപിള്ള തുടര്‍ന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ഒഴിവുവരുമ്പോഴല്ലേ, അപ്പോള്‍ നോക്കാം എന്നും പിണറായി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാകട്ടെ പൊതുവേ അഭിപ്രായമൊന്നും പറഞ്ഞുമില്ല. വ്യാഴാഴ്‌ചത്തെ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം നിശ്ചയിച്ചിരുന്ന പ്രകടനപത്രികയുടെ സബ്‌കമ്മിറ്റി യോഗത്തിലും സി.പി.ഐ. നേതാക്കള്‍ പങ്കെടുത്തില്ല. എം.എന്‍. സ്‌മാരകത്തിലേക്ക്‌ മടങ്ങിയ അവര്‍ രാത്രി വൈകി ചേര്‍ന്ന സി.പി.ഐ. എക്‌സിക്യൂട്ടീവ്‌, സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പങ്കെടുത്തു.

 














Namablogkamu is proudly powered by Blogger.com | Template by o-om.com | Distributed by Deluxe Templates