Friday, March 6, 2009

ലീഗ്‌ സ്ഥാനാര്‍ഥികളായി; മലപ്പുറത്ത്‌ അഹമ്മദ്‌, പൊന്നാനിയില്‍ ബഷീര്‍

. Friday, March 6, 2009


മലപ്പുറം: പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദും പൊന്നാനിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീറും മത്സരിക്കും. വെള്ളിയാഴ്‌ച രാത്രി പാണക്കാട്‌ കൊടപ്പനയ്‌ക്കല്‍ വസതിയില്‍നടന്ന ലീഗ്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിനുശേഷം സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ്‌ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്‌. തീരുമാനം ഏകകണുമായിരുന്നെന്നും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസംതന്നെ ധാരണയായിരുന്നുവെന്നും ലീഗ്‌ നേതൃത്വം അറിയിച്ചു. ഇതിനംഗീകാരം നല്‍കാനാണ്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗം ചേര്‍ന്നത്‌- നേതാക്കള്‍ പറഞ്ഞു. . മലപ്പുറമായി പേരുമാറിയ പഴയ മഞ്ചേരി മണ്ഡലത്തില്‍നിന്ന്‌ അഹമ്മദ്‌ 1999-ല്‍ ജയിച്ചിരുന്നു. ഇ.ടി. മുഹമ്മദ്‌ ബഷീറിന്റെ ആദ്യലോക്‌സഭാ മത്സരമാണിത്‌. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ടി.എ. അഹമ്മദ്‌ കബീറിന്റെയും അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ്‌ സമദാനിയുടെയും പേരുകള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ ബഷീറിനുതന്നെ നറുക്കുവീഴുകയായിരുന്നു. എല്‍.ഡി.എഫ്‌ പൊതുസ്വതന്ത്രനെ നിര്‍ത്തിയേക്കുമെന്ന പശ്ചാത്തലത്തില്‍ അണികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയനെന്ന ഇമേജും ബഷീറിന്‌ തുണയായി. തന്നെയും ബഷീറിനെയും സ്ഥാനാര്‍ഥികളാക്കുന്നതില്‍ ബഹുമാന്യനായ ശിഹാബ്‌ തങ്ങള്‍ കാണിച്ച വിശ്വാസം തങ്ങളിരുവരും നിറവേറ്റുമെന്ന്‌ അഹമ്മദ്‌ പറഞ്ഞു. എല്‍.ഡി.എഫിന്റെ പൊതുസ്വതന്ത്രന്‍ വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന്‌ എതിര്‍ സ്ഥാനാര്‍ഥി ആരെന്നത്‌ പ്രശ്‌നമല്ലെന്നും, പവിത്രമായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്‌ നിലനില്‍ക്കുന്നതെന്നുമായിരുന്നു ബഷീറിന്റെ മറുപടി. ചര്‍ച്ചയില്‍ ശിഹാബ്‌ തങ്ങള്‍ക്കുപുറമെ പാര്‍ലമെന്റ്‌ ബോര്‍ഡംഗങ്ങളായ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ഇ. അഹമ്മദ്‌, പി.കെ. കുഞ്ഞാലിക്കുട്ടി, പി.പി. അബ്ദുള്‍ ഗഫൂര്‍ മൗലവി, ഹമീദലി ഷംനാട്‌ എന്നിവരും പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന നേതാക്കളായ കല്ലടി മുഹമ്മദ്‌, പി.എച്ച്‌. അബ്ദുസ്സലാം ഹാജി, ടി.എ. അഹമ്മദ്‌ കബീര്‍, ടി.പി.എം. സാഹിര്‍, കെ.പി.എ. മജീദ്‌, കെ.എന്‍.എ. ഖാദര്‍, അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ്‌ സമദാനി, പി.കെ. അബ്ദുറബ്ബ്‌ എം.എല്‍.എ, പി.വി. അബ്ദുല്‍ വഹാബ്‌ എം.പി, ഡോ. എം.കെ. മുനീര്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരും സന്നിഹിതരായിരുന്നു.

 














Namablogkamu is proudly powered by Blogger.com | Template by o-om.com | Distributed by Deluxe Templates